Pages


പടവുകള്‍ 
പാട്ട് നിര്‍ത്തി കിളി
കൂട്ടിലേക്ക് പാറിപ്പോയി ,

വീണപൂക്കള്‍
ശാപമോക്ഷം കാത്തു
കിടപ്പായി

മലരണിക്കാടുകള്‍
വിങ്ങിപ്പൊട്ടി ,
പൊതു നിരത്തിലൂടെ
ഓടിപ്പോയി

പൂതത്തിനു
കൊണ്ടുപോകാനും
മാമ്പൂകൊഴിക്കാനും
ഉണ്ണികളില്ലാതായി ..

കളിയച്ചനു
പിടിതരാതെ
ഒഴുകുന്ന പുഴ
ചരമഗീതം
ഉരുക്കഴിച്ചു ഭൂമി ,
നിലച്ച മാതൃ ഹൃദയം

അച്ഛനും മകളും പിരിഞ്ഞു
തോളത്ത് കനംതൂങ്ങി
ഒടുങ്ങി കാളകള്‍ ,

തമസ്സും വെളിച്ചവും
ഒരു പോലെ ദുഖമായി ,

നിര്‍ത്തുന്നു പായാരം
പറയാന്‍ ഞാന്‍ ബാക്കിവച്ചത്
ചുണ്ടിലേ വന്നു
മൌനമാകുന്നു 

അടുക്കള


വെച്ച് വിളമ്പി തന്നവള്‍
പെറ്റുകിടക്കാന്‍ പോയപ്പോഴാണ് 
അടുക്കള കണ്ടു പിടിച്ചത് ..

കണ്ണീരു കുറുക്കിയാണ്
അവള്‍ ഉപ്പുണ്ടാക്കിയിരുന്നത്
വല്ലപ്പോഴും ഞാന്‍ നല്‍കിയ
മധുരം മുഴുവന്‍
അവള്‍ ഉറുമ്പുകള്‍ക്ക്
കൊടുത്തും കാണണം ,
എരിവിനും കയ്പിനും
വീട്ടില്‍ പഞ്ഞമുണ്ടായിട്ടില്ല ..

അടുക്കളയുടെ ഭൂപടം
ചിതറി കിടപ്പാണ്
അന്ധനായ ഒരു കൂറ
പാത്രങ്ങല്‍ക്കിടയില്‍ ,

അടുപ്പെന്നാല്‍
ഊതിയാലും ഊതിയാലും
ഉയിര്‍ക്കാത്ത ചിതയാണ്

വാതില്‍ പടിയില്‍
അവള്‍ മൂക്ക് ചീറ്റി
തുടച്ച പാടുകള്‍ ,
ചുവരില്‍ ഒട്ടിച്ചു വച്ച
നിന്റെ കുങ്കുമം,
അടുപ്പിറക്കാനെടുത്ത
പാഴ്ത്തുണിക്കു പോലും
അവളുടെ ചൂര് ,
കറിക്കരിയുന്ന കത്തിയില്‍
കല്ലച്ച് കിടന്ന പെണ്ചോര.,

അടുക്കളയിലെ അവളുടെ
ഘടികാരം ,
എന്റെതിനേക്കാള്‍
ബഹുദൂരം മുന്നില്‍ ..

അടുപ്പില്‍ വച്ച
പാത്രത്തില്‍ നിന്നിതാ
ജീവിതം കരിഞ്ഞ മണം,
പുക ചൂരുള്ളതെങ്കിലും
ആത്മ രതിക്ക്
രുചി കൂടും,

അടുക്കള കണ്ടു പിടിച്ച
ലഹരിയില്‍ ഞാനിത്
മോന്തി ദഹിക്കട്ടെ..
.

മരണമൊഴി 


അറവുകാരാ കൊലക്കത്തിയാഴ്ത്തു-
ന്നതിന്‍ മുന്‍പൊന്നെന്നെ-
യമര്‍ത്തിചുംബിക്കുക ..

ഒരു കുമ്പിള്‍ വെള്ളം
കൊണ്ടെന്റെ ദാഹം
തീര്‍ത്തെക്കുക,

നിനക്കുമെനിക്കും മാത്ര _
മറിയുന്ന മൂര്‍ച്ചകള്‍,
നമുക്ക് മാത്രം
തീര്‍ക്കാവുന്ന വിശപ്പുകള്‍ ,

അറവുകാരാ
സമയമില്ലോട്ടും,
നമുക്കിനി തിരക്കുകള്‍ ,
മൌനമാണ് എന്റെ നിലവിളി

പിടഞ്ഞോടുങ്ങുംമുന്‍പേ,
എന്റെ ശ്വാസം നീയിനി
പുല്ലാങ്കുഴലുകളോട്
ചേര്‍ത്ത് വയ്ക്കണം

പുല്‍ത്തുമ്പുകളോട്
വര്‍ത്തമാനം പറഞ്ഞു
അതിനിയും മേഞ്ഞു നടക്കട്ടെ
.

ആശംസ
ഹരിത സുന്ദരമായ
സ്വപ്നത്തില്‍ നിന്നാണ്
അവളെന്നെ വിളിച്ചുണര്‍ത്തിയത് ,

ഒരു മരുഭൂമിയില്‍
പിടിച്ചിരുത്തി
അവളൊരു
നരച്ച കടലാസു നല്‍കി

അതില്‍
നല്ല നട്ടുച്ച ആശംസിക്കുന്നു
എന്നെഴുതിയിരുന്നു

പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക്
=====

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
വര്‍ണക്കുപ്പായം കണ്ടു
ഭ്രമിക്കരുത്,

ഉടലളവു കണ്ടു
കാമമരുത് ,
ചായം പൂശിയ മുഖം കണ്ടു
ആരാധനയരുത് ,
ഞാന്‍ വരും വഴിയില്‍
കാത്തു നില്‍ക്കരുത് ,
പൂച്ചെണ്ട് നീട്ടരുത്

മുടി നോക്കരുത്,
മുലകള്‍ കാണരുത് ,
അധരം കൊതിക്കരുത്‌ ,
ഹൃദയത്തിനു
വിശപ്പരുത്,
കണ്ണുകളുടെആഴങ്ങള്‍
ഇറങ്ങി നോക്കരുത് ,
ശബ്ദത്തിനു
ദാഹിക്കരുത് ,

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
ഇവക്കുള്ളില്‍ ഞാനെന്നേ
മരിച്ചിരിക്കുന്നു ,
അലങ്കാരക്കൂട്ടിനുള്ളിലെ
ചിരിക്കും ശവം ..


നമ്മള്‍ ......

അസംബന്ധങ്ങളുടെ
ആകെ തുക

അര്‍ത്ഥശൂന്യമായ
വാചാലത

ഏങ്കോണിപ്പുകളുടെ
മൂര്‍ത്തിമത്ഭാവം

അപസ്വരങ്ങളുടെ
രാഗവിസ്താരം

ഇതെല്ലം കാഴ്ച്ചകാര്‍ക്ക്.

അവര്‍ക്കറിയില്ലല്ലോ

ആ തുകയാണ്
നമ്മുടെ മൂലധനമെന്ന്

ശൂന്യതയുടെ ആഴങ്ങളിലാണ്
പരസ്പരം തെളിഞ്ഞു കാണാറെന്ന്

ഓരോ മുഴപ്പുകളും
സ്വാതന്ത്രത്യത്തിന്റെ
ആഘോഷിക്കലാണെന്ന്

വിരസതകളുടെ ഏറ്റിറക്കങ്ങളില്ലാതെ
പലപ്പോഴും ശ്രുതി ചേരാറുണ്ടെന്ന്

നിന്റെ ഗര്‍വിന്റെ കൂര്‍ത്ത കൊമ്പ് കൊണ്ടേ
എന്റെ കണ്ണിലെ കരടെടുക്കാനാവൂ എന്ന്.
ചിറകു തളര്‍ന്നപ്പോളാണ്
നിന്നില്‍ ചേക്കേറാന്‍ കൊതിച്ചത്
അപ്പോളെകുംനിന്റെ  ചില്ലകളെല്ലാം
നിറഞ്ഞു കഴിഞ്ഞിരുന്നു

ദാഹിച്ചു വലഞ്ഞപോലാണ്
ആ തീരത്ത് വന്നത്
നീ ഏതോ മരുമണലിന്റെ
അടിതട്ടിലേക്ക്  മറഞ്ഞേ പോയിരുന്നു

ഉള്ളു ചുട്ടപ്പോളാണ്
നിന്നില്‍ നനയാന്‍ കൊതിച്ചത്
അപ്പോള്‍ലാവപോല്‍
പെയ്യുകയായിരുന്നു

മിഴികള്‍ പെയ്തപ്പോളാണ്
നിന്‍റെ ചൂടിനു കൊതിച്ചത്
നീ ആ സമയം ഏതോ
മാറത്തു മയങ്ങുകയായിരുന്നു

വിശന്നു വലഞ്ഞപ്പോളാണ്
വരിനെല്ലിനു കൊതിച്ചത്
വിണ്ട മാറിടമായിരുന്നു
കണ്ണില്‍ പെട്ടത്.

ഒരു തലോടലിനാണ്
ആ തോളത്ത്  ചാഞ്ഞത്
നിന്റെ വിരലുകള്‍
ചന്ദനവിറകുകളോ?